ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം മൂന്നുനില വാണിജ്യ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകുന്നേരമാണ് സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള സൈദുലാജാബിലെ വെസ്റ്റേൺ മാർഗിൽ അപകടമുണ്ടായത്.
രവി(26) എന്നയാളാണ് മരിച്ചത്. ഗുരുഗ്രാം സ്വദേശി തരുൺ കുമാർ (26), ബിഹാറിലെ മോത്തിഹാരി സ്വദേശി സാഇക ഖാൻ (27), സൈദുലാജാബ് സ്വദേശി നീലം യാദവ് (25), സാകേത് സ്വദേശി ആദിത്യ ശർമ (24), നോയിഡ സ്വദേശി ക്ഷിതിജ് പ്രതാപ് (25), സാകേത് സ്വദേശി അനുജ് ദീക്ഷിത് (25), സൈദുലാജാബ് സ്വദേശി ആസ്ത (25), സാകേത് സ്വദേശി വിശാൽ (24) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്സ് യൂണിറ്റുകളും പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പ്രദേശത്ത് ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ അവശിഷ്ടങ്ങൾക്കിടയിലുള്ള തിരച്ചിൽ തുടരുകയാണ്.
തകർന്നുവീണ കെട്ടിടത്തിൽ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും കഫേകളും ഓഫീസുകളും പ്രവർത്തിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു.
ഏഴുപേരെ ഫയർഫോഴ്സ്, ദേശീയ ദുരന്തനിവാരണ സേനയും ഡൽഹി ദുരന്തനിവാരണ അതോറിറ്റിയും ചേർന്നും രണ്ടുപേരെ പ്രാദേശികവാസികളുമാണ് രക്ഷപ്പെടുത്തിയത്